HISTORY
ചരിത്രം
പഴഞ്ഞി ഇടവകക്കാരായിരുന്ന പെങ്ങാമുക്ക്, മൂലേപ്പാട് ദേശനിവാസികളെ വിശ്വാസത്തിൽ ഭിന്നിപ്പിക്കുന്നതിനു വിദേശമിഷനറിമാർ ശ്രമിക്കുന്നതിനെ തടയുവാനായി കുന്നംകുളം പനയ്ക്കൽ കുടുംബം അംഗമായ ഭക്തനായ താരു എന്ന വൃദ്ധൻ പെങ്ങാമുക്കിൽ താമസിച്ചു സത്യവിശ്വാസത്തിൽ ജനങ്ങളെ ഉറപ്പിച്ചു പോന്നു. മൂന്നേക്കര്‍ സ്ഥലം അദ്ദേഹത്തിന്റെ പേരിൽ വാങ്ങിക്കുകയും പള്ളിയും സ്‌കൂളും മറ്റു ആത്മീക പ്രവർത്തനങ്ങളും ആരംഭിക്കുകയും ചെയ്‌തു. മാതൃ ഇടവകയായ പഴഞ്ഞി പള്ളിയിലെ പട്ടക്കാരായ ചീരൻ ഗീവർഗ്ഗീസ് കത്തനാർ, പുലിക്കോട്ടിൽ മത്തായി കത്തനാർ, കൊള്ളന്നൂർ യാക്കോബ് കത്തനാർ എന്നിവർ തവണ ക്രമം അനുസരിച്ചു പെങ്ങാമുക്ക് പള്ളിയിൽ വി.കുർബാന നടത്തി വന്നിരുന്നു.
ഇക്കാലത്തു സഭയിൽ ഭിന്നതകൾ ആരംഭിച്ചിരുന്നു എങ്കിലും ഈ ഇടവകയിൽ ഉണ്ടായിരുന്നില്ല. പനയ്ക്കൽ വീട്ടുക്കാർ ബാവ കക്ഷിയിൽ ആയിരുന്നതിനാൽ അവരുടെ ആവശ്യത്തിന് വികാരി ചീരൻ ഗീവർഗ്ഗീസ് കത്തനാരുടെ അനുമതി കൂടാതെ ബാവാ കക്ഷിയിൽ പെട്ട കുന്നംകുളം ഞാലിൽ ഗീവർഗ്ഗീസ് അച്ചനെ വരുത്തുകയും, ബലം പ്രയോഗിച്ചു വി.കുർബാന അർപ്പിക്കുകയും ചെയ്‌തു. ഇതിൽ ക്ഷുഭിതരായ മൂലേപ്പാട് ദേശനിവാസികളും,പെങ്ങാമുക്ക് ദേശനിവാസികളിൽ ഭൂരിഭാഗവും ചേർന്ന് മാതൃഇടവകയായ പഴഞ്ഞി പള്ളിയിൽ അപേക്ഷ സമർപ്പിച്ചതിന്റെ ഫലം ആയി 75 രൂപ പഴഞ്ഞി പള്ളിയിൽ നിന്നും അനുവദിച്ചു.50 രൂപ കൊണ്ട് അരനാഴിക വടക്കുകിഴക്കുമാറി മൂലേപ്പാട് എന്ന സ്ഥലത്തു പഴഞ്ഞി പള്ളിയുടെ പേരിൽ 30 സെന്റ് സ്ഥലം 1100 ചിങ്ങം 1-നു[16-08-1924] തീറു വാങ്ങിച്ചു.
1100 കർക്കിടകം 16-നു [29-07-1925] 50 കോല്‍ ചുറ്റളവിൽ പ്രസ്‌തുത സ്ഥലത്തു ഒരു സ്‌കൂൾ കെട്ടിടം ഉണ്ടാക്കുവാൻ ശ്രമം തുടങ്ങി. പ്രസ്‌തുത സ്‌കൂളിന്റെ പണിക്കുവേണ്ടി ചീരൻ ഗീവർഗ്ഗീസ് കത്തനാർ,പുലിക്കോട്ടിൽ മത്തായി കത്തനാർ,കൊള്ളന്നൂർ യാക്കോബ് കത്തനാർ എന്നിവർക്കും പുറമെ കൊള്ളന്നൂർ വറിയത് ഉതുപ്പ്, കൊള്ളന്നൂർ അയ്പ് ചേറു, കൊള്ളന്നൂർ കാക്കു ഉക്കുറു,പുലിക്കൂട്ടിൽ വറിയത് ചുമ്മാർ,തോലത്ത് ഉട്ടൂപ് താരു,കൊള്ളന്നൂർ താരു ചെറിയാക്കു എന്നിവരെ കമ്മിറ്റിക്കാരായി തെരഞ്ഞെടുത്തു പൂർത്തിയാക്കി. 1102 കന്നി 27-നു [10-10-1926] ഞായറാഴ്ച് മുതൽ വേദവായന യോഗവും കുട്ടികൾക്കുള്ള സൺഡേസ്കൂൾ പഠിപ്പും ആരംഭിച്ചു.
1104 ഇടവം 6-നു [19-05-1929] ഞായറാഴ്ച് മൂന്നുമണിക്ക് പഴഞ്ഞിയിൽ നിന്നും എഴുന്നെള്ളിവന്ന പ. ഗീവർഗ്ഗീസ് ദ്വിതീയൻ കാതോലിക്ക ബാവ, മാർ ബസേലിയോസ് മാർ ഗ്രീഗോറിയോസ് എന്നീ പരിശുദ്ധന്മാരുടെ നാമങ്ങളിൽ ഒരു പള്ളിക്കു ശിലാ സ്ഥാപനം നടത്തി. പ.ബാവ കാതോലിക്ക സിംഹാസനാരോഹണത്തിനുശേഷം ആദ്യം ശിലാസ്ഥാപനം നടത്തിയ ദേവാലയം ഇതാണെന്നത് പ്രത്യേകം പ്രസ്‌താവ്യമാണ്. 1929 ഒക്ടോബർ 29-നു പള്ളി സ്ഥാപിക്കുവാനുള്ള അനുവാദം കൊച്ചി ദിവാനിൽ നിന്നും ലഭിക്കുകയുണ്ടായി. പള്ളിയുടെ പണി ആരംഭിച്ചതിനു ശേഷം 1105 തുലാം 23-നു[5-11-1929]ചൊവാഴ്ച പള്ളിക്കു കുരിശു സ്ഥാപിക്കുകയും 1105 മകരം 6-നു [19-01-1930]ഞായറാഴ്ച പുലിക്കോട്ടിൽ മത്തായി കത്തനാർ പ്രഥമബലി അർപ്പിക്കുകയും ചെയ്തു.
പഴഞ്ഞി പള്ളിയുടെ അന്നത്തെ കഴിവനുസരിച്ചുള്ള സഹായംകൊണ്ടും ആദ്യഫലശേഖരം കൊണ്ടും നാട്ടുകാരിൽ നിന്നും പെങ്ങാമുക്ക്,കാട്ടകാമ്പാൽ,പഴഞ്ഞി,മങ്ങാട് എന്നീ പ്രദേശക്കാരിൽ നിന്നുള്ള സംഭാവന കൊണ്ടും വളരെ പ്രയാസപെട്ടുകൊണ്ടാണ് പള്ളിപണി പുരോഗമിച്ചുകൊണ്ടിരുന്നത്. സാമ്പത്തിക ശേഷി ഇല്ലാത്തതിനാൽ ചില അവസരങ്ങളിൽ കെട്ടിമേച്ചിലിനു പോലും പ്രയാസപെട്ടുകൊണ്ടിരുന്നു.പള്ളിയുടെ അനുദിന പ്രവർത്തനങ്ങൾക്ക് എല്ലാ ഞായറാഴ്ചയും ചർച്ച ചെയുകയും വാർഷികയോഗങ്ങൾ മുടങ്ങാതെ നടത്തി ഭാരവാഹികളെ തിരഞ്ഞെടുത്തുകൊണ്ടിരിക്കുകയും ചെയ്തിരുന്നു. എല്ലാ വാർഷിക യോഗങ്ങളിലും മൂന്ന് പട്ടക്കാരും സംബന്ധിച്ചുകൊണ്ടിരുന്നത് ജനങ്ങൾക്ക് ഉത്തേജനം നൽകിവന്നു.
കൊച്ചി സംസ്ഥാന പോലീസ് സൂപ്രണ്ടായ എം.എ.ചാക്കോ അവർകളുടെയും മറ്റും ശ്രമഫലമായി എറണാകുളം ഗ്രാൻഡ് റാഫിൾ കുറിയിൽ നിന്നും 400 രൂപ ഈ പള്ളി പണിക്ക് 1937-ൽ അനുവദിച്ചു കിട്ടുകയുണ്ടായി.1113 ഇടവം 16-നു[29-05-1938] കൂടിയ പൊതുയോഗം പ്രസ്‌തുത സംഖ്യ കൊണ്ട് പള്ളിക്കു മദ്ബഹ പണിയുവാൻ കൊള്ളന്നൂർ വറിയത് താരുവിനെയും കൊള്ളന്നൂർ മാത്തു മാത്തപ്പനെയും ചുമതലപ്പെടുത്തി. അവർ മദ്ബഹായുടെ വളവിന്റെ മേൽദാനംവരെ പണികഴിപ്പിച്ചു. 1114 ചിങ്ങം 12-ആം തീയതി [28-08-1938] കൂടിയ പൊതുയോഗം ബാക്കി പണി പൂർത്തിയാക്കുവാൻ കൊള്ളന്നൂർ ചെറിയാക്കു ചുമ്മാരെയും, കൊള്ളന്നൂർ ചേറു താരുവിനെയും ചുമതലപ്പെടുത്തുകയും പണി പൂർത്തിയാക്കുകയും ചെയ്തു. പള്ളിയുടെ മുഖവട്ടം കുന്നംകുളം കൊള്ളന്നൂർ താരു വറിയതും തെക്കേ ഉമ്മറവും മുറിയും കൊള്ളന്നൂർ ഉക്കുറു ചേറുക്കുട്ടിയും സ്വന്തം ചിലവിൽ പണിയിച്ചു തന്നിട്ടുള്ളതാണ്.
പള്ളിയുടെ പടിഞ്ഞാറുഭാഗത്തുള്ള വഴിക്കുവേണ്ടി പുലിക്കോട്ടിൽ മത്തായി കത്തനാരുടെ ഭാര്യ കുഞ്ഞുമറിയാം 9 സെൻറ് വിലയ്ക്കും, കൊള്ളന്നൂർ കുരിയൻ മക്കൾ കുരിയാക്കുവും പാത്തുവും കൂടി 5.5 സെനറ്റ് സ്ഥലവും കൊള്ളന്നൂർ ഉട്ടോപ് ചേറു 3.5 സെൻറ് ദാനമായി തരികയുണ്ടായി.കാഞ്ഞിരത്തിങ്കൽ അങ്ങാടിയിൽ സ്ഥിതി ചെയ്യുന്ന മാർ ബസേലിയോസ് കുരിശിന്തൊട്ടി സ്ഥിതി ചെയ്യുന്ന 4 സെൻറ് സ്ഥലം 1113 കർക്കിടകം 5-നു[20-07-1939] തോലത് ഉട്ടോപ് താരുവും കൊള്ളന്നൂർ വറിയത് ഇയ്യ്‌ക്കുട്ടിയും പള്ളിക്കു ദാനം ചെയ്തതാണ്.പ്രസ്തുത കുരിശിനു കൊച്ചി ഭദ്രാസന മെത്രാപോലിത്ത യൂഹാനോൻ മാർ സേവേറിയോസ് തിരുമേനി 1947 മെയ് 19-നു അടിസ്ഥാന ശിലാ ഇടുകയും 1974 നവംബര് 4-നു കൂദാശ നിർവഹിക്കുകയും ചെയ്തു.
ശവക്കോട്ടയ്ക്കുള്ള 13.5 സെൻറ് സ്ഥലം 1109 മകരം 25-നു [07-02-1934] കൊള്ളന്നൂർ താരു ചെറിയാക്കുവും ഇപ്പോൾ പള്ളിയുടെ തെക്കുഭാഗത്തുള്ള കെട്ടിടത്തിന്റെ മുൻ വശത്ത് 1.5 സെൻറ് സ്ഥലം 1957 ജൂലൈ 12-നു കൊള്ളന്നൂർ വറിയത് ഇയ്യ്‌ക്കുട്ടിയും പള്ളിയുടെ തെക്കുഭാഗത്തുള്ള കെട്ടിടവും സൺഡേസ്കൂളും നിൽക്കുന്ന 13 സെൻറ് സ്ഥലവും 1957 നവംബർ 23-നു പുലിക്കോട്ടിൽ ചുമ്മാർ ഉക്കുറുവും പെങ്ങാമുക്ക് ഹൈസ്കൂൾ ജംഗ്ഷനിൽ ഉള്ള പരുമല മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ നാമത്തിലുള്ള കുരിശിൻതൊട്ടിയും 0.5 സെൻറ് സ്ഥലവും കൂടി 1975 ഒക്ടോബർ 30-നു കൊള്ളന്നൂർ ചേറു താരുക്കുട്ടിയും പള്ളിക്കു ദാനമായി തീറു നല്കിയയിട്ടുള്ളതാകുന്നു. കുരിശിന്തൊട്ടിക്ക് ശിലാസ്ഥാപനം 1975 സെപ്റ്റംബർ 28-നു ഞായറാഴ്ച്ച വികാരി കെ.സി.ജോസഫ് കത്തനാർ നിർവഹിച്ചിട്ടുള്ളതും 1980 ഒക്ടോബർ 29-നു അഭിവന്ദ്യ യൂഹാനോൻ മാർ സേവേറിയോസ്,അഭിവന്ദ്യ യാക്കൂബ് മാർ പോളിക്കാർപ്പോസ് എന്നീ മെത്രാപ്പോലീതമാർ കൂദാശ നിർവഹിച്ചിട്ടുള്ളതുമാകുന്നു. പള്ളിയുടെ പടിഞ്ഞാറുഭാഗത്തുള്ള പുതിയ ശവക്കോട്ട 2.3 സെൻറ് സ്ഥലം 1961 ഫെബ്രുവരി 27-നു ഇടവകക്കാരിൽ നിന്നും പിരിവു എടുത്ത് കൊള്ളന്നൂർ പൗലോസ് മാത്തുവിൽ നിന്നും തീറു വാങ്ങിച്ചിട്ടുള്ളതാണ്.
പള്ളിയിൽ വരുന്ന മേല്പട്ടക്കാർക്കും പട്ടക്കാർക്കും താമസിക്കുന്നതിനും സൺഡേസ്കൂൾ ആവശ്യത്തിനും സ്ഥലസൗകര്യം പോരാത്തതിനാൽ 1962 സെപ്റ്റംബർ 23-നു കൂടിയ പൊതുയോഗം വികാരി ഫാ.കെ.സി.ജോസഫ് പ്രസിഡണ്ടും, കൊള്ളന്നൂർ ചുമ്മാർ വറതപ്പൻ, കൊള്ളന്നൂർ ചെറിയാക്കു അയ്‌പ്പ്, കൊള്ളന്നൂർ വറിയത് ഉട്ടൂപ്പ്, പുലിക്കോട്ടിൽ ചുമ്മാർ പൈലപ്പൻ, കൊള്ളന്നൂർ ചേറു സാമുവേൽ, കൊള്ളന്നൂർ ഉക്കുറു വറിയത്, കൊള്ളന്നൂർ ചെറിയാക്കു ഉക്കുറു, തോലത്തു വറിയത് സാമുവേൽ, കൊള്ളന്നൂർ ചേറു പൗലോസ്, കൊള്ളന്നൂർ വറിയത് മാത്തപ്പൻ, തോലത് ചുമ്മാർ യോനാഥാൻ, കൊള്ളന്നൂർ മാത്തു പൗലോസ്, തന്നാണ്ട് കൈക്കാരൻ എന്നിവർ ഉൾകൊള്ളുന്ന ഒരു കെട്ടിട നിർമാണ കമ്മിറ്റി രൂപീകരിക്കുകയും പള്ളിയിൽ നിന്നും കൊടുത്ത 100 രൂപയോടുകൂടി കുറിയും മറ്റും നടത്തി ആദായം ഉണ്ടാക്കി പിരിവുകൾ കൂടാതെ പള്ളിയുടെ തെക്കു ഭാഗത്തുള്ള രണ്ടു നില കെട്ടിടവും,സൺഡേസ്കൂളിന്റെ കിഴക്കേ ഭാഗവും,പള്ളിയുടെ കിഴക്കേഭാഗത്തുള്ള മാർ ഗീവർഗ്ഗീസ് സഹദായുടെ നാമത്തിലുള്ള കുരിശിൻതൊട്ടിയും പണിയിച്ചു. കെട്ടിടത്തിന് 1965 സെപ്റ്റംബർ 3 വെള്ളിയാഴ്ചയും കുരിശിന്തൊട്ടിയ്ക്കു 1967 ജൂൺ 12-ആം തീയതിയും വികാരി കെ.സി.ജോസഫ് കത്തനാർ ശിലാസ്ഥാപനം നടത്തുകയുണ്ടായി. ഇവയുടെ കൂദാശയും 1980 ഒക്ടോബർ 29-നു അഭിവന്ദ്യ തിരുമേനിമാർ നിർവഹിച്ചു. സൺഡേസ്കൂളിന്റെ പടിഞ്ഞാറുഭാഗം പുലിക്കോട്ടിൽ ചുമ്മാർ വറുതപ്പനും, ഊട്ടുപുര പുലിക്കോട്ടിൽ ചുമ്മാർ ഉക്കുറുവും പള്ളിയുടെ മദ്ബഹായുടെ പുറംഭിത്തി സിമന്റ് തേപ്പു പുലിക്കോട്ടിൽ ചുമ്മാർ കുരിയപ്പനും സ്വന്തം ചിലവിൽ തീർപ്പിച്ചിട്ടുമുള്ളതാണ്.
ഈ പള്ളിയിൽ പ്രഥമ ബലി അർപ്പിച്ച 1105 മകരം 6-നു[19-01-1930] തോലത്തു ചുമ്മാർ ചേറുവിന്റേയും മറ്റും മാമോദീസ നിർവഹിക്കുകയുണ്ടായി.ആദ്യമായി നടത്തിയ വിവാഹം 1105 കുംഭം 10-നു[23-02-1930]കൊള്ളന്നൂർ മാത്തു മാത്തപ്പന്റെയും അനുജൻ ചേറപ്പന്റെയും,ശവസംസ്‌കാരം 1113 ചിങ്ങം 6-നു[19-08-1937] ചീരൻ ഇട്ട്യാര കാക്കുവിൻറേം ആയിരുന്നു.1950 വരെ പഴഞ്ഞി പള്ളിയിലെ പട്ടക്കാർ വികാരിമാരായി ഇവിടെ ആരാധന നടത്തി വന്നിരുന്നു.1951 മുതൽ 1955 വരെ പഴഞ്ഞി പള്ളിയിലെ പട്ടക്കാരുടെ കുറവുനിമിത്തം കുന്നംകുളം പട്ടക്കാർ ഇവിടെ തവണ നടത്തിയിട്ടുണ്ട്.അക്കാലത്തു സൺഡേസ്കൂൾ പ്രവർത്തനം മന്ദീഭവിച്ചപ്പോൾ കുന്നംകുളം ഫാ.ജോസ് പുലിക്കോട്ടിൽ നേതൃത്വം എടുത്തുകൊണ്ട് സൺഡേസ്കൂൾ പ്രവർത്തനം പുനർജീവിപ്പിച്ചത് പ്രത്യേകം പ്രസ്‌താവ്യയോഗ്യമാണ്.
1956 ജനുവരി മുതൽ 1985 നവംബർ മാസം വരെ പഴഞ്ഞി പള്ളിയിലെ പട്ടക്കാരനായിരുന്ന വന്ദ്യ കെ.സി.ജോസഫ് കത്തനാർ വികാരിയായി സേവനം അനുഷ്ഠിച്ചു. ഈ കാലയളവിൽ ഫാ.സി.വി.എബ്രഹാം, ഫാ.ജേക്കബ് ചെറുവത്തൂർ,ഫാ. ജോൺ ഉറുമ്പിൽ ,ഫാ. കെ.ഐ.പോൾ, ഫാ.ജോസഫ് തോലത്, ഫാ.എ.ടി.യോഹന്നാൻ, ഫാ. പൗലോസ് തുരുത്തിൽ എന്നീ വൈദീക ശ്രേഷ്ടർ വിവിധ കാലഘട്ടങ്ങളിൽ ഈ ദേവാലയത്തിൽ തവണകൾ നടത്തിവന്നിരുന്നു.
1985-ൽ കൊച്ചിയിൽ നിന്നും കുന്നംകുളം മെത്രാസനം രൂപീകൃതമായപ്പോൾ ഈ ദേവാലയവും പുതിയ മെത്രാസനത്തിൽ ഉൾപ്പെടുകയും ഈ ദേവാലയത്തിൽ തവണ ശുശ്രുഷകൾ നടത്തിയിട്ടുള്ള കുന്നംകുളത്തിന്റെ അഭിമാനമായ ഫാ.കെ.ഐ.പോൾ (ഇപ്പോഴത്തെ ബാവാ തിരുമേനി) പൗലോസ് മാർ മിലിത്തിയോസ് എന്ന നാമധേയത്തിൽ കുന്നംകുളത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയായി ഭരണസാരഥ്യം ഏറ്റെടുക്കുകയും ചെയ്തു.ഇടവകയുടെ വളർച്ചയ്ക്കും പുരോഗതിയ്ക്കും മുഖ്യപങ്കു വഹിച്ച ആദരണീയനായ ഫാ. ജോസഫ് കുറ്റിക്കാട്ടിൽ കോർ എപ്പിസ്‌കോപ്പ അച്ചൻ 1985 നവംബർ മാസത്തോടെ ഈ ദേവാലയത്തിന്റെ വികാരി സ്ഥാനത്തു നിന്ന് വിടർത്തപ്പെടുകയും ഫാ.ജോർജ് ചീരൻ തൽസ്ഥാനത്തു ചുമതല ഏറ്റെടുക്കുകയും ചെയ്തു. 1986-ൽ പുലിക്കോട്ടിൽ ഉട്ടൂപ്പുണ്ണി മകൻ മാത്തപ്പൻ ദാനമായി തന്ന അര സെൻറ് സ്ഥലത്തു 1987-ൽ പുലിക്കോട്ടിൽ ചുമ്മാർ മകൻ ഉക്കുറു വി. മാർത്തോമാ ശ്ലീഹായുടെ നാമധേയത്തിൽ ഒരു കുരിശടി പണിതുനൽകുകയും 05-11-1987ൽ അഭിവന്ദ്യ ഇടവക മെത്രാപ്പോലീത്ത തിരുമനസ്സ് കൊണ്ട് അതിന്റെ കൂദാശ നിർവഹിക്കുകയും ചെയ്തു.
1988 മുതൽ 1990 വരെ ഫാ.മത്തായി പനയ്ക്കലും,1990 മുതൽ 1994 വരെ ഫാ.ജോൺ ഉറുമ്പിലും ,1994 മുതൽ 2000 വരെ ഫാ.അലക്സ് ചക്കാലയിലും തുടർന്ന് ഹ്രസ്വ കാലത്തേയ്ക്ക് ഫാ.സണ്ണി ചാക്കോയും പിന്നീട് 2000 മുതൽ 2003 വരെ ഫാ.ജോൺ കണ്ണോത്തും, 2003 മുതൽ 2006 വരെ ഫാ.പീറ്റർ കാക്കശ്ശേരിയും, 2006 മുതൽ 2010 വരെ ഫാ.അബ്രാഹാം മാത്യുവും [ഈ കാലയളവിൽ ഫാ. ഗീവർഗ്ഗീസ് കൊള്ളന്നൂരും തവണകൾ അനുഷ്ഠിച്ചിട്ടുണ്ട്], 2010 മുതൽ 2013 വരെ ഫാ. ജോസഫ് മാത്യുവും ഫാ. അലക്‌സ് ജോണും, 2013 മുതൽ 2014 വരെ ഫാ. ഗീവർഗ്ഗീസ് വർഗ്ഗീസും(റിനുമോൻ അച്ചൻ) [ഈ കാലയളവിൽ ഫാ. പ്രദീപ് കൊല്ലാശേരിൽ തെക്കേതിലും തവണകൾ അനുഷ്ഠിച്ചിട്ടുണ്ട്] ഏറ്റവും സ്‌തുത്യർഹവും അനുഗ്രഹപ്രദവുമായ രീതിയിൽ ഇടവകയ്ക്ക് നേതൃത്വം നൽകുകയും ദേവാലയത്തെ കാലാനുസൃതമായ പുരോഗതിയിലേക്ക് നയിക്കുകയും ചെയ്തു.
1994 ഫെബ്രുവരി 13-നു യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഘ്യത്തിൽ പണി കഴിപ്പിച്ച സ്റ്റേജിൻറേം,പിന്നീട് ഫാ.ജോർജ് കണ്ണോത്തിന്റെ കാലത്തിൽ ആധ്യാത്മിക സംഘടനകളുടെ പുതിയ ഓഫീസിൽ കെട്ടിടത്തിന്റെയും നിർമാണം പൂർത്തീകരിക്കുകയും ഇടവക മെത്രപൊലീത്ത തിരുമനസ്സുകൊണ്ട് ഇവയുടെ കൂദാശ നിർവഹിക്കുകയും ചെയ്തു.2004-ൽ ഇടവക ദിനാചരണം[എല്ലാ ജനുവരി മാസത്തേയും ആദ്യ ഞായറാഴ്ച] ആരംഭിക്കുകയും ചെയ്തു. ഇടവകാംഗമായ ഫാ.സക്കറിയ കൊള്ളന്നൂർ അച്ചന്റെ ശെമ്മാശപട്ടംകൊട ശുശ്രുഷ 2004 മെയ് മാസം 22-നും കശീശ്ശാ പട്ടംകൊട ശുശ്രുഷ 2005 ജന മാസം 3-നും അഭിവന്ദ്യ പൗലോസ് മാർ മിലിത്തിയോസ് തിരുമനസ്സുകൊണ്ട് ഈ ദേവാലയത്തിൽ വെച്ചു നിർവഹിച്ചത് വിശ്വാസികൾക്ക് നവ്യാനുഭവമായി. 05-11-2007 ൽ പുതിയ ഊട്ടുപ്പുരയുടെ കൂദാശയും ഇടവക മെത്രപൊലീത്ത തിരുമനസ്സുകൊണ്ട് നിർവഹിക്കുകയുണ്ടായി. ഇടവകഅംഗം ആയിരുന്ന വന്ദ്യ അലക്സ് ചക്കാലയിൽ കത്തനാർ 07-05-2012-ൽ ദിവംഗതനാവുകയും ആർത്താറ്റ് പള്ളിയിൽ കബറടങ്ങുകയും ചെയ്തു. വന്ദ്യ അച്ചന്റെ വിയോഗത്തിൽ ഇടവകയ്ക്കുള്ള അനുശോചനം അറിയിക്കുന്നു.
2011 ജൂലൈ മാസം 17-ആം തീയതി പ.കാതോലിക്കാ ഭാവ തിരുമനസ്സിനു ഇടവകയിൽ പ്രൗഢഗംഭീരമായ സ്വീകരണം നൽകി.2012 ജനുവരിയിൽ ഇടവകയിലെ ഭവനങ്ങളെ ഭൂമിശാസ്ത്രപരമായി 4 വാർഡുകളായി തിരിക്കുകയും എല്ലാ മാസത്തിലെയും നാല് ഞായറാഴ്ചകളിൽ ഈ നാല് വാർഡുകളിൽ ക്രമീകൃതമായി പ്രാർത്ഥനയോഗങ്ങൾ ആരംഭിക്കുകയും ചെയ്തു.സെൻറ് മാത്യു, സെൻറ് മാർക്, സെൻറ് ലുക്ക്, സെൻറ് ജോൺ എന്നിങ്ങനെ നാല് സുവിശേഷക്കാരുടെ നാമധേയത്തിൽ ആരംഭിച്ചിരിക്കുന്ന ഈ നാല് പ്രാർത്ഥനയോഗങ്ങളിലും ശരാശരി അറുപതിലധികം വിശ്വാസകൾ വന്നു സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കുന്നു എന്നത് സന്തോഷകരമായ വസ്തുതയാണ് .
ഇടവകാംഗമായ കൊള്ളന്നൂർ ശ്രി.ചെറിയാൻ മാഷ് അദ്ദേഹത്തിന്റെ ഭാര്യയുടെ ഓർമയ്ക്കായി ഏർപ്പെടുത്തിയിരിക്കുന്ന എന്ഡോമെന്റിൽ നിന്നും 2011 മുതൽ എല്ലാ ഡിസംബർ മാസവും തങ്കം ചെറിയാൻ മെമ്മോറിയൽ സംഗീതമതസരം നടത്തിവരുന്നു. 2011-ലെ ഇടവകദിനശുശ്രുഷകൾക്കു അങ്കമാലി മെത്രാസനാധിപൻ അഭിവന്ദ്യ യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്തയും 2012-ലെ ഇടവകദിനത്തിനു പരുമല സെമിനാരി മാനേജർ അഭിവന്ദ്യ യൂഹാനോൻ റംബാനും മുഘ്യ കാർമികത്വം വഹിച്ചു. 2012-ലെ ഇടവക ദിനത്തോട് ചേർന്ന് ഇടവകയിലെ 70 വയസ്സ് പൂർത്തീകരിച്ച മാതാപിതാക്കന്മാരെ ആദരിച്ചു.
ഇപ്പോൾ ഈ ഇടവകയിൽ 152 ഭവനങ്ങൾ ഉണ്ട്. സൺഡേസ്കൂൾ, ബാലസമാജം, എം.ജി.ഓ.സി.എസ്.എം., മർത്തമറിയാം സമാജം, യുവജനപ്രസ്ഥാനം, ശുശ്രൂഷക സംഘം, പ്രാർത്ഥനയോഗങ്ങൾ, ദിവ്യബോധനം തുടങ്ങിയ പരിശുദ്ധ സഭയിലെ എല്ലാ ആധ്യാത്മിക സംഘടനകളും പ്രവർത്തിക്കുന്നു എന്നത് എടുത്തുപറയേണ്ട വസ്തുതയാണ്. ഇടവകയുടെ ആഭിമുഘ്യത്തിൽ നടത്തുന്ന ജീവകാരുണ്യപ്രവർത്തനങ്ങൾക്കു ഇടവകയിലെ ഗുഡ് സമരിറ്റൻ ചാരിറ്റി കമ്മിറ്റി നേതൃത്വം വഹിക്കുന്നു. വി. സഭയുടെയും ഭദ്രാസനത്തിന്റെയും ആഭിമുഘ്യത്തിൽ നടത്തുന്ന എല്ലാ പ്രോഗ്രാമ്മുകളിലും പ്രൊജെക്ടുകളിലും ഇടവകയുടെ സജീവ സാന്നിധ്യവും സഹകരണവും ഉറപ്പുവരുത്തുവാൻ ഭരണസമിതി ഉത്സാഹിക്കുന്നുണ്ട്.