THE MALANKARA ORTHODOX CHURCH
മലങ്കര ഓർത്തോഡോക്‌സ് സഭ
St. Thomas the Apostle
The MOSC Logo
His Holiness Moran Mar Baselios Mathews III (Malankara Metroplitan, the Ninth Catholicose of the East, the Supreme Head of the Malankara Orthodox Syrian Church of India and The Successor of the Apostolic throne of St. Thomas)
യേശു ക്രിസ്തുവിന്റെ 12 ശ്ലീഹന്മാരിൽ ഒരാളായ വി. മാർത്തോമ ശ്ലീഹായാൽ ഏ. ഡി. 52-ൽ സ്ഥാപിതമായ സഭയാണ് മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭ. പൗരസ്ത്യ സുറിയാനി സഭയുമായും പേർഷ്യൻ സഭയുമായും നാലാം നൂറ്റാണ്ടു മുതൽ ബന്ധം പുലർത്തിയ സഭ, ഇവരിൽ നിന്നാണ് സുറിയാനി പ്രാർത്ഥനാക്രമവും ഭാഷയും സിദ്ധിച്ചതും, തന്മൂലം മലങ്കര സുറിയാനി സഭ എന്നാൽ അറിയപ്പെട്ട് തുടങ്ങിയതും.
പതിനാറാം നൂറ്റാണ്ടിൽ കേരളത്തിൽ വന്ന കത്തോലിക്കാ മിഷനറിമാർ സുറിയാനി ക്രിസ്ത്യാനികളെ റോമൻ കത്തോലിക്കാ സഭയിലേക്ക് ചേർക്കുവാൻ ശ്രമം നടത്തുകയും തന്മൂലം സഭയിൽ പിളർപ്പും ഉണ്ടായി. ഈ കാലയളവിൽ കത്തോലിക്കാ സഭയിൽ ചേർന്നവരാണ് ഇന്നത്തെ സീറോ മലബാർ കത്തോലിക്കർ. പിൽക്കാലത്ത് പാശ്ചാത്യ പ്രൊട്ടസ്റ്റന്റ് മിഷനറിമാർ കേരളത്തിൽ വരുകയും സുറിയാനി ക്രിസ്ത്യാനികളോടൊപ്പം പ്രവർത്തിക്കുകയും ചെയ്തു. ഇതും സഭയിൽ ചില ഭിന്നിപ്പുകൾക്ക് കാരണമായി. പതിനേഴാം നൂറ്റാണ്ടിൽ അന്ത്യോക്യൻ സഭയുമായി ബന്ധം പുലർത്തിയതും ചില പിളർപ്പുകൾക്ക് കാരണമായി. ഈ ബന്ധത്തിലാണ് സഭയ്ക്ക് പാശ്ചാത്യ സുറിയാനി ക്രമങ്ങളും ആചാരങ്ങളും സ്വീകരിച്ചത്. 1912ൽ കാതോലിക്കേറ്റ് സ്ഥാപിച്ചത് സഭയുടെ ചരിത്രത്തിൽ ഒരു പുതിയ വഴിത്തിരിവായി.
നിലവിൽ സഭ പാശ്ചാത്യ ക്രമമാണ് ആരാധനയ്ക്ക് ഉപയോഗിക്കുന്നത്. ഏ. ഡി. 325-ലെ നിഖ്യാ സുന്നഹദോസ്, ഏ. ഡി. 381-ലെ കുസ്തന്തീനോസ്പോലീസ് സുന്നഹദോസ്, ഏ. ഡി. 431-ലെ എഫേസൂസ് സുന്നഹദോസ് എന്നിവയാണ് സഭയുടെ വിശ്വാസത്തിൻറെ ആധാരം.
ഇന്ന് സിറിയൻ സഭ, അലക്സന്ത്രിയൻ സഭ, അർമേനിയൻ സഭ, എറിത്രിയൻ സഭ, എത്യോപ്യൻ സഭ തുടങ്ങിയ വിവിധ ഓറിയെന്റൽ ഓർത്തോഡോക്സ് സഭകളുമായി ഇന്ന് മലങ്കര സഭ സംസർഗ്ഗത്തിൽ ഏർപ്പെടുന്നു. പൗരസ്ത്യ ഓർത്തോഡോക്സ് സഭ, റോമൻ കത്തോലിക്കാ സഭ, പ്രൊട്ടസ്റ്റന്റ് സഭ എന്നിങ്ങനെയുള്ള ഇതര ക്രിസ്തീയ സഭകളുമായുള്ള മലങ്കര സഭയുടെ നല്ല ബന്ധം എല്ലാ ക്രിസ്ത്യാനികൾക്കും ഒരു നല്ല വരുംകാലത്തിനു ശുഭപ്രതീക്ഷ നൽകുന്നു.
ഭൂരിപക്ഷം കേരളത്തിലാണെങ്കിലും, ഇന്ന് ലോകമാകെ മലങ്കര സഭയ്ക്ക് 25 ലക്ഷത്തിലധികം വിശ്വാസികൾ ഉണ്ട്. സഭയുടെ പരമാധ്യക്ഷൻ മാർത്തോമാ ശ്ലീഹായുടെ സിംഹാസനത്തിന്മേൽ ആരൂഢനായിരിക്കുന്ന പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ കാതോലിക്കാ ബാവയാണ്. ഇപ്പോൾ ഈ സ്ഥാനത്തുള്ളത് നമ്മുടെ ഭദ്രാസനാധിപനും കൂടിയായ മോറാൻ മാർ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായാണ്. പരിശുദ്ധ ബാവ തിരുമനസസ്സിന്റെ ഔധ്യോഗിക വസതിയും, സഭയുടെ ആസ്ഥാനവും കോട്ടയം ദേവലോകത്താണ്. നടത്തിപ്പ് നിർവ്വഹണത്തിനായി സഭയെ 30 ഭദ്രാസനങ്ങളായി വിഭജിച്ചിട്ടുണ്ട്. ഓരോന്നിന്റെയും ഭരണത്തിന് ഒരു മെത്രാപ്പോലീത്തായെ നിയമിച്ചിട്ടുമുണ്ട്.