top of page
mar-baselios-mar-gregorios-icon.png.gif

SAINTS OF OUR PARISH

മൂലേപ്പാട് പള്ളി കാവൽപിതാക്കന്മാർ

കൈസര്യായിലെ വലിയ മാർ ബസേലിയോസും നിസ്സായിലെ മാർ ഗ്രീഗോറിയോസും

ക്രിസ്തുമതത്തിനു പൊതുവിൽ സ്വീകാര്യത ലഭിച്ച നാലാം നൂറ്റാണ്ടിൽ  ജീവിച്ചിരുന്ന പിതാക്കന്മാരാണ് കൈസര്യായിലെ മെത്രാപ്പോലീത്തായായിരുന്ന വിശുദ്ധനായ വലിയ മാർ ബസേലിയോസും, ഇളയ സഹോദരനും നിസ്സായിലെ മെത്രാപ്പോലീത്തായുമായിരുന്ന വിശുദ്ധനായ മാർ ഗ്രീഗോറിയോസും. പൗരസ്ത്യ പാശ്ചാത്യ സഭകളിൽ ഒരു പോലെ ബഹുമാനപ്പെടുന്ന വിശുദ്ധരാണ് ഇരുവരും. ഇരുവരെയും നാസിയൻസിലെ വിശുദ്ധ ഗ്രിഗോറിയോസിനെയും ചേർത്താണ് സഭ കപ്പദോക്യൻ പിതാക്കന്മാർ എന്ന വിളിക്കുന്നത്. 


തീക്ഷണമായ ക്രിസ്‌തീയ പാരമ്പര്യം പേറുന്ന കൈസര്യായിലെ ഒരു സമ്പന്ന കുടുംബത്തിൽ ഭാഷാധ്യാപകനായ ബസേലിയോസിന്റെയും ഭാര്യ എമിലിയുടെയും മക്കളായിയാണ് എ.ഡി. 330, 332 വർഷങ്ങളിൽ ഇന്നത്തെ തുർക്കിയിലെ 'കപ്പദോക്യ' പ്രവിശ്യയിൽ  ഈ പരിശുദ്ധ പിതാക്കന്മാർ ജനിച്ചത്. തങ്ങളുടെ മാതൃ പിതാവ് റോമാ പീഡനത്തിൽ രക്തസാക്ഷിയാവുകയും, ആ വിശ്വാസ തീക്ഷണത  ജീവിതവും പാഠവുമായി തങ്ങളുടെ മാതാവ് എമിലിയിലൂടെയും മൂത്ത സഹോദരിയും കന്യാസ്ത്രീയുമായിരുന്ന മക്രീനയിലൂടെയും ഇരുവർക്കും ലഭിച്ചു. ഇവരുടെ മറ്റൊരു സഹോദരനാണ് പിന്നീട് സെബസ്ക്കൂസിലെ മെത്രാപ്പോലീത്തായായ വി. പത്രോസ്.


രണ്ടുപേരുടെയും പ്രാഥമിക വിദ്യാഭ്യാസം തങ്ങളുടെ ഭവനത്തിൽ തന്നെയായിരുന്നു. അന്ന് ഒരുപക്ഷേ ലഭിക്കാവുന്നതിലും ഏറ്റവും മികച്ച ബാല്യ വിദ്യാഭ്യാസമാണ് ഇരുവർക്കും ലഭിച്ചത്. യുവാവായ ബസേലിയോസ് തന്റെ ഉന്നത പഠനത്തിനായി കൈസര്യായിൽ എത്തിയപ്പോഴാണ് പിന്നീട് തന്റെ ആത്മമിത്രമായി മാറിയ നാസിയൻസിലെ വി. ഗ്രിഗോറിയോസിനെ ആദ്യമായി കണ്ടുമുട്ടുന്നത്. ഇരുവരും പിന്നീട് ഉപരിപഠനത്തിനായി കുസ്‌തന്തീനോസ്പോലിസിലും ഏതെൻസിലും പോയി. അലങ്കാരശാസ്ത്രം, ദർശനം, ഗണിതം, നിയമം മുതലായ എല്ലാ മേഖലകളിലും ഉന്നതശീർഷരായ അദ്ധ്യാപകരിൽ നിന്നും അവർക്കു അഭ്യസനം ലഭിച്ചു. iപിന്നീട് ചക്രവർത്തിയായ ജൂലിയൻ ഇരുവരുടെയും സഹപാഠിയായിരുന്നു. ഏ. ഡി. 356ൽ വിദ്യാഭ്യാസത്തിന് ശേഷം സ്വദേശത്തേക്ക് മടങ്ങിയ ബസേലിയോസ്, ഈജിപ്തിലും, സിറിയയിലും, പാലസ്തീനിലും സുദീർഘമായ സഞ്ചാരങ്ങൾ നടത്തി, അവിടെയുള്ള ഏകാന്ത സന്യാസജീവിതശൈലിയും സമൂഹ സന്യസ്ത ശൈലികളും, ദർശനവും നേരിട്ട് മനസ്സിലാക്കി. പിന്നീട് ഒരു വർഷത്തോളം കൈസര്യായിൽ അഭിഭാഷകനായും പ്രാസംഗികനായും അഭ്യസിക്കുകയും ചെയ്‌തു.

ഗ്രിഗോറിയോസിന്റെ വിദ്യാഭ്യാസത്തെപ്പറ്റിയുള്ള വ്യക്തമായ ചിത്രം ലഭ്യമല്ലെങ്കിലും അദ്ദേഹം ശാസ്ത്രീയ സാഹിത്യം, തത്വശാസ്ത്രം, വൈദ്യശാസ്ത്രം എന്നീ വിഷയങ്ങളിൽ ഉന്നത വിദ്യാഭ്യാസം നേടി എന്ന് ചരിത്രകാരന്മാർ പറയുന്നു. ജേഷ്ടൻ ബസേലിയോസ് വെട്ടിതുറന്ന് പറയുന്ന പ്രകൃതക്കാരനും കാര്യനിർവഹണത്തിൽ അഗ്രഗണ്യനുമെങ്കിൽ അനുജൻ ഗ്രീഗോറിയോസ് സൗമ്യശീലനും ദൈവശാസ്ത്രപണ്ഡിതനും ആയിരുന്നു എന്ന് ചരിത്ര ഗ്രന്ധങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. പഠനശേഷം പ്രാസംഗികനായും ദേവാലയത്തിൽ വായനക്കാരനായും ഗ്രീഗോറിയോസ് ജീവിതം നയിച്ചു.

സെബസ്ക്കൂസിലെ മാർ ഒസ്ത്താസിയോസുമായുള്ള  കൂടി കാഴ്ച്ച ബസേലിയോസിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായി. തന്റെ അഭിഭാഷക വൃത്തി ഉപേക്ഷിച്ച  അദ്ദേഹം തിരികെ സ്വദേശത്തേക്ക് മടങ്ങിയെത്തുകയും ബസ്സേലിയോസ് പോന്തസ് എന്ന സ്ഥലത്ത് കുടുംബവകയായുള്ള എസ്റ്റേറ്റിൽ അദ്ദേഹം മനസിലാക്കിയുള്ള ശൈലികളുടെ ദർശനങ്ങളെ കോർത്തിണക്കി ഒരു ക്രൈസ്തവ സന്യസ്ത സമൂഹം സ്ഥാപിക്കുകയും ചെയ്‌തു.

അല്പകാലത്തിന് ശേഷം ചക്രവർത്തിയായ ജൂലിയൻറെ ക്രിസ്തുമത വിരുദ്ധ പ്രവർത്തനങ്ങളും സഭയ്ക്കുള്ളിൽ തന്നെ ഉണ്ടായ വിരുദ്ധ പഠിപ്പിക്കലുകളും മൂലം വിവിധ പ്രശ്നങ്ങൾ ആവിർഭവിച്ചു. സത്യവിശ്വാസം സംരക്ഷിക്കുവാൻ തക്കവണ്ണം ബസേലിയോസ് തന്റെ ആശ്രമത്തിൽ വെച്ച് ഈ കാലയളവിൽ  ധാരാളം രചനകൾ നിർവഹിച്ചു.സഭയുടെ നിരന്തരമായ അഭ്യർത്ഥനയെ മാനിച്ച് ഏ. ഡി. 362-ൽ അന്ത്യോക്യയിലെ ബിഷപ്പായ മിലിത്തിയോസിൽ നിന്നും ബസേലിയോസ് വൈദിക പട്ടം സ്വീകരിച്ചു. ഏകദേശം ഈ കാലഘട്ടത്തിൽ തന്നെ ഗ്രീഗോറിയോസും വൈദികനായി. ഏ.ഡി. 370-ൽ സിസറിയായിലെ ബിഷപ്പായിരുന്ന യൗസേബിയോസ് കാലം ചെയ്ത ഒഴിവിൽ  സഭ ബസേലിയോസിനെ മേൽപ്പട്ടസ്ഥാനത്ത് അവരോധിച്ചു. ഇതേ കാലഘട്ടത്തിൽ ധാരാളം രചനകൾ സഭയ്ക്കായി നിർവഹിച്ചു.

പരിശുദ്ധാത്മാവിനെ സംബന്ധിച്ച സുധീർക്ഖമായ ദർശനം, സൃഷ്ടി വിവരണത്തെ ആസ്പദമാക്കിയുള്ള പഠനം, സന്യസ്ത ദർശനം, യുവതലമുറയ്ക്ക് ഇതര പഠനശാഖകൾ എങ്ങനെ ഉപയുക്തമാകും എന്നതിനെ സംബന്ധിച്ചുള്ള പ്രബന്ധം ഇവ അദ്ദേഹത്തിൻറെ രചനകളിൽ ചിലത്‌ മാത്രമാണ്. ഇവ കൂടാതെ മുന്നൂറ്റിയമ്പതിൽ കൂടുതൽ വ്യക്തിഗത കത്തുകൾ അദ്ദേഹമെഴുതിയതും, ഇന്ന് അനേക ഭാഷകളിൽ മൊഴിമാറ്റം ചെയ്യപ്പെട്ടിരിക്കുന്നു. ബസേലിയോസിൻറെ പേരിലുള്ള കുർബ്ബാന തക്‌സ ഗ്രീക്ക്-സുറിയാനി പാരമ്പര്യങ്ങളിൽ നിലവിലുണ്ട്. ഇത് എല്ലാ പുരാതന സഭകളും ഉപയോഗിക്കുന്നു. എന്നാൽ മലയാളത്തിലേക്ക് ഈ തക്‌സാ ഇതുവരെയും ഭാഷാന്തരം ചെയ്തിട്ടില്ല.

പരിശുദ്ധ ത്രിത്വത്തെ സംബന്ധിച്ച ദീർഘ രചനകൾ, വേദവ്യാഖ്യാനങ്ങൾ, പ്രധാന പെരുന്നാൾ ദിവസങ്ങളുടെ ദൈവശാസ്ത്ര വിശദീകരങ്ങൾ, ആത്മീയ പ്രബോധനങ്ങൾ, എന്നിങ്ങനെ അനേകം വിഷയങ്ങളിലുള്ള ഗ്രിഗോറിയോസിന്റെ കൃതികൾ സുപ്രസിദ്ധമാണ്. ഏ. ഡി. 381ലെ  കുസ്തന്തീനോസ്‌പോലീസ് സുന്നഹദോസിൽ (രണ്ടാം സാർവത്രിക സുന്നഹദോസ്) ഗ്രീഗോറിയോസ് സുധീര നേതൃത്വം കൊടുക്കുകയും സഭയിലെ ഭിന്നതകൾ അവസാനിപ്പിക്കുവാൻ അക്ഷീണം യത്നിക്കുകയും ചെയ്തു.

ഏ. ഡി. 379ൽ ബസേലിയോസ് നിര്യാതനായി. ഏ. ഡി. 395ൽ ഗ്രീഗോറിയോസ് കാലം ചെയ്തു. ക്രൈസ്‌തവ വിശ്വാസ പഠനത്തിലും, പ്രചാരണത്തിലും അതുല്യ സംഭാവന നൽകിയ ഈ സഹോദരങ്ങളെ വി. സഭ ഭക്തിയാദരപൂർവ്വം സ്‌മരിക്കുകയും, പാശ്ചാത്യ സഭകളിൽ കൊണ്ടാടുന്ന മുറയ്ക്ക് ജനുവരി ഒന്നാം തിയ്യതി ഈ പിതാക്കന്മാരുടെ പെരുന്നാൾ ആഘോഷിക്കുകയും ചെയ്യുന്നു. നമ്മുടെ ഇടവകയിൽ അതിൻ പ്രകാരം ജനുവരി മാസം ആദ്യ ഞായറാഴ്ച്ച ഇടവക ദിനമായി കൊണ്ടാടുകയും ചെയ്യുന്നു. 

bottom of page